ചിങ്ങപ്പുലരിയാകുമ്പോൾ വിവിധ ക്ഷേമ ആനുകൂല്യങ്ങളും ശമ്പളവും പെൻഷനുമെല്ലാം ജനങ്ങളിൽ എത്തിത്തുടങ്ങും. പ്രയാസങ്ങൾ ഉണ്ട്. പക്ഷെ അത് മലയാളിയുടെ ഓണാഘോഷത്തിന്റെ നിറംകെടുത്താൻ ഇടവരരുത്. ഇതാണ് സർക്കാരിന്റെ സമീപനം. പാവപ്പെട്ടവർക്കും തൊഴിലാളികൾക്കും അർഹമായ സാമ്പത്തിക സഹായങ്ങൾ ഒന്നൊന്നായി ധനകാര്യ വകുപ്പ് റിലീസ് ചെയ്തുകൊണ്ടിരിക്കുകയാണ്. ഇതിനുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയായി.
സാമൂഹ്യസുരക്ഷാ പെൻഷൻ വിതരണം ഒമ്പതിന് ആരംഭിക്കും. സഹകരണ സംഘങ്ങൾ വഴിയുള്ള പെൻഷൻ വിതരണമാണ് ആദ്യം ആരംഭിക്കുക. ബാങ്ക് അക്കൌണ്ടുകളിലേയ്ക്കുള്ള പെൻഷൻ തുടർന്ന് 17 നും 18 നും ഒരുമിച്ച് അയയ്ക്കും. 40.61 ലക്ഷം പേർക്കാണ് സാമൂഹ്യസുരക്ഷാ പെൻഷൻ അയയ്ക്കുന്നത്. പുതിയതായി 89,051 പേർക്ക് പെൻഷൻ നൽകുന്നുണ്ട്. 1760 കോടി രൂപയാണ് സാമൂഹ്യസുരക്ഷാ പെൻഷനായി വിതരണം ചെയ്യുന്നത്. ഇതുകൂടാതെ 9.6 ലക്ഷം പേർക്ക് വിവിധ ക്ഷേമനിധി ബോർഡുകൾ വഴിയും പെൻഷൻ നൽകുന്നുണ്ട്. ഇതിൽ 19 ക്ഷേമനിധി ബോർഡുകൾക്ക് പെൻഷൻ വിതരണത്തിനുള്ള തുക സർക്കാരാണ് നൽകുന്നത്. 188.56 കോടി രൂപയാണ് ഇതിനു ചെലവ്. ലോട്ടറി തൊഴിലാളികൾക്ക് 6,000 രൂപ ബോണസ് നൽകും. ക്ഷേമനിധി അംഗങ്ങളായ അരലക്ഷം പേർക്ക് ഈ ആനുകൂല്യം ലഭിക്കും.
തൊഴിലുറപ്പിൽ 100 ദിവസം ജോലി ചെയ്ത എല്ലാവർക്കും 1000 രൂപ വീതം പ്രത്യേക ഉത്സവബത്ത നൽകുന്നതിനും ധനവകുപ്പ് അനുമതി നൽകി. 11.5 ലക്ഷം പേർക്ക് ഈ ആനുകൂല്യം ലഭിക്കും. പരമ്പരാഗത മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ലഭിക്കേണ്ട വ്യത്യസ്ത ക്ഷേമ ആനുകൂല്യങ്ങൾക്കുള്ള സർക്കാർ വിഹിതവും വിതരണം ചെയ്യുകയാണ്.
സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ബോണസ്, ഉത്സവബത്ത, അഡ്വാൻസ് എന്നീ കാര്യങ്ങളിലും തീരുമാനമെടുത്തു. 26,000 രൂപ വരെ മൊത്തശമ്പളം ലഭിക്കുന്ന എല്ലാ ജീവനക്കാർക്കും 4,000 രൂപ ബോണസായി ലഭിക്കും. കഴിഞ്ഞ വർഷത്തെ പരിധി 24,000 രൂപയായിരുന്നു. എൻ.എം.ആർ ജീവനക്കാർ, സീസണൽ വർക്കർമാർ, പാർടൈം അധ്യാപകർ, പാർടൈം കണ്ടിൻജന്റ് ജീവനക്കാർ എന്നിവർക്കും ബോണസിന് അർഹതയുണ്ടാകും.
ബോണസിന് അർഹതയില്ലാത്തവർക്ക് 2,750 രൂപയായിരിക്കും ഉത്സവബത്ത. 1,000 രൂപയിൽ താഴെ ഉത്സവബത്ത ലഭിച്ചുകൊണ്ടിരുന്ന മുഴുവൻ വിഭാഗങ്ങൾക്കും കുറഞ്ഞത് 1000 രൂപയായി നിജപ്പെടുത്തി ഉത്സവബത്ത നൽകും. ആശാവർക്കർമാർ, അംഗൻവാടി/ബാലവാടി അധ്യാപകർ, ആയമാർ, ഹെൽപ്പർമാർ, സ്കൂൾ കൌൺസിലർമാർ, പാലിയേറ്റീവ്കെയർ നേഴ്സുമാർ, ബഡ്സ് സ്കൂൾ അധ്യാപകർ, ജീവനക്കാർ, മഹിളാ സമാഖ്യ സൊസൈറ്റിയിലെ പ്രത്യേക ദൂതൻമാർ തുടങ്ങിയവർക്കും ഉത്സവബത്ത ലഭിക്കും.
വിവിധ പെൻഷൻകാർക്ക് 1,000 രൂപ നിരക്കിൽ പ്രത്യേക ഉത്സവബത്ത നൽകും. സർക്കാർ ജീവനക്കാർക്ക് നൽകുന്ന അഡ്വാൻസ് 15,000 രൂപയായിരിക്കും. പാർടൈം കണ്ടിൻജന്റ് ജീവനക്കാർ, എൻ.എം.ആർ, സി.എൽ.ആർ, സീസണൽ വർക്കർമാർ എന്നിവർക്ക് 5,000 രൂപ വരെ അഡ്വാൻസ് ലഭിക്കും.
സെപ്തംബർ ഒന്ന് മുതൽ ലഭിക്കേണ്ട ശമ്പളവും പെൻഷനും ചിങ്ങം ഒന്ന് മുതൽ നൽകും. ആഗസ്റ്റ് 17, 18, 20, 21 തീയതികളിലായി സർക്കാർ ജീവനക്കാരുടെ ആഗസ്റ്റ് മാസത്തിലെ ശമ്പളവും വിരമിച്ചവർക്കുള്ള പെൻഷനും മുൻകൂറായി നൽകും.
ഓണാഘോഷം ഉഷാറാകട്ടെ. എല്ലാ മലയാളികൾക്കും എന്റെ ഹൃദയംനിറഞ്ഞ ഓണാശംസകൾ.


0 Comments